ആദ്യകാലത്ത് ഈ പ്രദേശം ചോളരാജാക്കന്മാരുടെ ഭരണത്തിന് കീഴിലായിരുന്നു. കൊടുമ്പാളൂര്കാര് തിങ്ങിപാര്‍ക്കുന്ന സ്ഥലമെന്ന പേരില്‍ ഈ പ്രദേശത്തിന് കൊടുമ്പ് എന്ന പേര് ലഭിച്ചു എന്ന് പറയപ്പെടുന്നു. കോണ്‍ഗ്രസ്സിലെ സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായ ബാലകൃഷ്ണന് മാസ്റ്ററാണ്, അധ്യാപകരിലും, വിദ്യാര്‍ഥികളിലുമടക്കം ഈ നാട്ടിലെ സ്വാതന്ത്ര്യസമരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്കിയതും ആരംഭംകുറിച്ചതും. നിരോധിക്കപ്പെട്ട കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ആദ്യകാല പ്രവര്‍ത്തകനായിരുന്നു ബീഡിതൊഴിലാളിയായ കെ.വി.മുരുകന്. ഇദ്ദേഹത്തിന് നിരവധി യാതനകള്‍ ഇവരുമായി ബന്ധപ്പെട്ട് അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. 1913-ല്‍ കൊടുമ്പില്‍ സ്ഥാപിച്ച എ.ജി.എം.എല്‍.പി സ്കൂളാണ് പഞ്ചായത്തിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം.ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നായ പുളിങ്കാവു ഭഗവതി ക്ഷേത്രം സാംസ്കാരികമായും ചരിത്രപരമായും വളരെ പ്രാധാന്യമര്‍ഹിക്കുന്ന ക്ഷേത്രമാണ്. ഓറഞ്ച്, തേയിലത്തോട്ടങ്ങള്‍ എന്നിവ ഉള്ള നെല്ലിയാമ്പതി മലകള്‍, മലമ്പുഴ ഡാം, ടിപ്പുവിന്റെ കോട്ട, മീങ്കര ഡാം, വാളയാര്‍ ഡിയര്‍ പാര്‍ക്ക് എന്നീ പ്രദേശങ്ങള്‍ സംയോജിപ്പിച്ച് ഇവിടെയൊരു വിനോദസഞ്ചാരകേന്ദ്രമാക്കി വളര്‍ത്തിയെടുക്കാവുന്നതാണ്.ചരിത്രപരമായും അന്തര്‍ദ്ദേശീയ തലത്തിലും അറിയപ്പെടുന്ന സ്ഥലങ്ങളാണ് തിരുവാലത്തൂര്, കുതിരയില്‍, തസ്രാക്ക് എന്നിവ. ചരിത്രപരമായി തിരുവാലത്തൂര് പ്രദേശത്ത് തമിഴ്-മലയാള സങ്കരസംസ്കാരം നിലകൊള്ളുന്നു. ഭാരതപ്പുഴയുടെ ഉത്ഭവനദിയായ ശോകനാശിനിപ്പുഴ പഞ്ചായത്ത് പ്രദേശത്തെ രണ്ടായി വിഭജിച്ചുകൊണ്ടു ഒഴുകുന്നു. ഈ പ്രദേശത്തിന്റെ വലതു വശത്തുകൂടെ പുഴ ഒഴുകിയിരുന്നതിനാല്‍ തിരുവാലത്തൂര് എന്ന സ്ഥലനാമം നിലവില്‍ വന്നു. ടിപ്പുവിന്റെ പടയോട്ടകാലത്ത് കുതിരകളുടെ താവളമായിരുന്ന ഇടമാണ് കുതിരയില്‍ എന്ന സ്ഥലപേരില്‍ അറിയപ്പെട്ടത്. ടിപ്പുവിന്റെ കുതിരകള്‍ റഷ്യയിലുള്ള ഖസാക്കില്‍ നിന്നും എത്തിയവ ആയതിനാലും കുതിരക്കാര്‍ ഈ സ്ഥലങ്ങളില്‍ താമസിച്ചതിനാലും പ്രസ്തുത സ്ഥലം തസ്രാക്ക് എന്ന പേരില്‍ അറിയപ്പെട്ടു. നിരവധി ആരാധനാലയങ്ങള്‍ പഞ്ചായത്തിലുണ്ട്. ഹൈന്ദവ ദേവാലയങ്ങളില്‍ കൊടുമ്പ് സുബ്രഹ്മണ്യ ക്ഷേത്രവും, തിരുവാലത്തൂര് രണ്ടു മൂര്‍ത്തി ക്ഷേത്രവും പ്രധാന ക്ഷേത്രങ്ങളാണ്. കാടാംകോട് ഇസ്ളാം പള്ളിയും, പിരിവുശാല ക്രിസ്ത്യന്‍ പള്ളിയും മറ്റ് ആരാധനാലയങ്ങളാണ്. കൊടുമ്പിലെ രഥോല്‍സവവും, തിരുവാലത്തൂര് ക്ഷേത്രത്തിലെ തൃക്കാര്‍ത്തികയുമാണ് ഗ്രാമത്തിലെ പെരുമയേറിയ ഉത്സവങ്ങള്‍. മലയാളത്തിന്റെ പ്രിയ സാഹിത്യകാരന് ഒ.വി.വിജയന് തന്റെ പ്രശസ്ത നോവല്‍ ഖസാക്കിന്റെ ഇതിഹാസത്തില്‍ ആധാരമാക്കിയ ‘ഖസാക്ക്’ ഇവിടുത്തെ തസ്രാക്ക് എന്ന സ്ഥലമാണ്. പ്രശസ്ത വ്യോമയാന സാങ്കേതിക വിദഗ്ദ്ധന് കെ.എ.ദാമോദരന്‍ ഈ പഞ്ചായത്തില്‍ ഏറെ നാള് താമസിച്ചിരുന്നു